കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്‍മഹത്യാ പ്രേരണ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.
വയനാട് ഡിസിസി മുൻ പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ ട്രഷറർ കെകെ ഗോപിനാഥൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘ തലവനും ബത്തേരി ഡിവൈഎസ്‌പിയുമായ കെകെ അബ്‌ദുൽ ഷരീഫ് കുറ്റപത്രം സമർപ്പിച്ചത്.
സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എൻഎം വിജയന്റെയും മകന്റെയും മരണത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐസി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാം പ്രതിയാണ്.
ഡിസംബർ 24നാണ് എൻഎം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. മരണത്തിന് ശേഷം പുറത്തുവന്ന എൻഎം വിജയന്റെ ആത്‍മഹത്യാ കുറിപ്പിലും മറ്റു കത്തുകളിലും ഐസി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പടെയുള്ളവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.
നിയമനക്കോഴയുമായി ബന്ധപ്പെട്ട് വിജയന്റെ കത്തുകളിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുകളും ബാധ്യതകളും വിശദമാക്കുന്ന നൂറോളം സാക്ഷിമൊഴികളും ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ, പിവി ബാലചന്ദ്രൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. ഇതിൽ മുൻ ഡിസിസി പ്രസിഡണ്ടായിരുന്ന പിവി ബാലചന്ദ്രൻ അസുഖ ബാധിതനായി 2023ൽ മരിച്ചിരുന്നു.
നിയമനക്കോഴയുമായി ബന്ധപ്പെട്ട് എൻഎം വിജയന്റെ കുടുംബം ഉയർത്തിയ ആരോപണ വിവാദങ്ങൾക്കിടെ, വിജയന്റെ സാമ്പത്തിക ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുത്തിരുന്നു. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കി 58.23 ലക്ഷം രൂപയാണ് കഴിഞ്ഞമാസം കെപിസിസി അടച്ചുതീർത്തത്. സ്വകാര്യ ബാങ്കിൽ വിജയന്റെ കുടുംബത്തിനുണ്ടായിരുന്ന കടബാധ്യത തീർക്കാൻ 20 ലക്ഷം രൂപ നേരത്തെ കോൺഗ്രസ് നേതൃത്വം കുടുംബത്തിന് നൽകിയിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































