ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്‌ത് പോലീസ്. രാവിലെ 10.45ന് തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയ്‌ക്ക് മൂന്നുമണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടരും.
എൻഎം വിജയൻ കെപിസിസി പ്രസിഡണ്ടിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎൽഎയുടെ ശുപാർശ കത്ത് സംബന്ധിച്ചും ചോദ്യം ഉണ്ടായെന്നാണ് സൂചന. നിയമന കാര്യങ്ങളിൽ ഇടപെട്ടിരുന്നോ ഇടപാടുകൾ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയവ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.
അതേസമയം, സാമ്പത്തിക ഇടപാടുകളിൽ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐസി ബാലകൃഷ്‌ണൻ നൽകിയത്. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം ശനിയാഴ്‌ച വരെ ഐസി ബാലകൃഷ്‌ണനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി മുൻകൂർ ജാമ്യമുള്ളതിനാൽ രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയക്കും.
അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ്.
ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ അന്തരിച്ച ഡിസിസി പ്രസിഡണ്ട് പിവി ബാലകൃഷ്‌ണൻ എന്നിവരാണ് മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാല് നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് വിജയന്റെ ആത്‍മഹത്യാ കുറിപ്പിലുണ്ട്.
Most Read| കടുത്ത നടപടിയുമായി ട്രംപ്; ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു