ന്യൂഡെൽഹി: മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഓഫീസിൽ നിന്ന് ബിആർ അംബേദ്ക്കറുടേയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്ന് അതിഷി കുറ്റപ്പെടുത്തി. തിങ്കളാഴ്‌ച അതിഷി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ചിത്രങ്ങൾ സ്‌ഥാപിച്ചത്.
”ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം എല്ലാവർക്കും അറിയാവുന്നതാണ്. ഡെൽഹി സർക്കാരിന്റെ എല്ലാ ഓഫീസിലും ബാബാ സാഹിബ് അംബേദ്ക്കറിന്റേയും ഷഹീദ് ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ അരവിന്ദ് കെജ്‌രിവാൾ സ്‌ഥാപിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിജെപി ഒഴിവാക്കിയിരിക്കുകയാണ്. ബിജെപി ദളിത്-സിഖ് വിരുദ്ധ പാർട്ടിയാണെന്ന് ഇത് കാണിക്കുന്നു”- അതിഷി പറഞ്ഞു.
ഇവരുടെ ചിത്രങ്ങൾ മാറ്റി പകരം രാഷ്‌ട്രപിതാവ് മഹാത്‌മാഗാന്ധി, രാഷ്‍ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളാണ് ഓഫീസിൽ സ്‌ഥാപിച്ചിട്ടുള്ളത്. അംബേദ്ക്കറിനേക്കാളും ഭഗത് സിങ്ങിനേക്കാളും വലുതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി ചിന്തിക്കുന്നുണ്ടോയെന്നും അതിഷി ചോദിച്ചു. നിയമസഭയ്‌ക്ക് പുറത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ