തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയും പരാജയം. ഇതോടെ, നാളെമുതൽ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി അറിയിച്ചു.
നേരത്തെ, എൻഎച്ച്എം ഡയറക്‌ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച. ആശമാർ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യാനോ തീരുമാനമെടുക്കാനോ അധികൃതർ തയ്യാറായില്ലെന്ന് ചർച്ചയ്‌ക്ക് ശേഷം സമരസമിതി നേതാവ് മിനി പറഞ്ഞു.
സർക്കാരിന് പണമില്ലെന്നും സമയം നൽകണമെന്നും സമരത്തിൽ നിന്ന് പിന്തിരിയണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടത്. സമരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം അംഗീകരിക്കില്ല. ഓണറേറിയം 700 രൂപയാക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ഡയറക്‌ടർ തയ്യാറായില്ലെന്നും മിനി പറഞ്ഞു. അതേസമയം, മറ്റുള്ളവർക്കെല്ലാം ശമ്പളം വാരിക്കോരി കൊടുക്കുന്ന സർക്കാരിന് തങ്ങൾക്ക് മാത്രം നൽകാനാണ് പണം ഇല്ലാത്തതെന്ന് സമരപ്പന്തലിലുള്ള ആശമാർ പ്രതികരിച്ചു.
ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ കാര്യങ്ങൾ മന്ത്രി ചർച്ചയ്‌ക്ക് പോലും എടുത്തിട്ടില്ലെന്ന് മിനി പറഞ്ഞു. ”സർക്കാരിനെ ഇങ്ങനെ ഗൺപോയിന്റിൽ നിർത്തി ഒറ്റയടിക്ക് 300 ശതമാനം വർധനവ് ഒക്കെ ആവശ്യപ്പെട്ടാൽ എങ്ങനെ തരും, സർക്കാർ ഒപ്പമുണ്ട്, അടുത്തയാഴ്‌ച കേന്ദ്രവുമായി ചർച്ച നടത്താം, നിങ്ങൾ തിരിച്ചുപോകണം, എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും നിർത്തുന്നതിൽ വിഷമമുണ്ട്”- എന്നാണ് മന്ത്രി പറഞ്ഞതെന്നും മിനി പറഞ്ഞു.
അതേസമയം, ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് മന്ത്രി വീണാ ജോർജ് ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. നിലവിലെ 7000 രൂപ, 21000 രൂപ ആക്കണമെന്നാണ് ആവശ്യം. അതായത് മൂന്നിരട്ടി. ഇതിന് സമയം നിശ്‌ചയിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല കാര്യങ്ങളും പരിഗണിച്ച് മാത്രമേ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും അവർ ചെയ്യുന്നില്ല. 2006ൽ നിശ്‌ചയിച്ച ഇൻസെന്റീവ് കേന്ദ്രം കൂടിയില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ സമരക്കാരെ അറിയിച്ചതാണ്. സമരത്തിൽ നിന്ന് പിൻമാറണമെന്നും ചർച്ചയിൽ അഭ്യർഥിച്ചു. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































