ന്യൂഡെൽഹി: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന വ്യവസ്‌ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ.
വിഴിഞ്ഞം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകുമ്പോഴും അന്തിമ അംഗീകാരം നൽകുമ്പോഴും ഇക്കാര്യം വ്യക്‌തമാക്കിയിരുന്നതായി സർബാനന്ദ് സോനോവാൾ വ്യക്‌തമാക്കി. രാജ്യസഭയിൽ ഹാരീസ് ബീരാന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇളവ് തേടി കേരളം നൽകിയ കത്തുകൾ 2022 ജൂൺ ഏഴിനും 2024 ജൂലൈ 27നും ചേർന്ന ഉന്നതാധികാര സമിതി യോഗങ്ങൾ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി അറിയിച്ചു. എന്നാൽ, ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
തൂത്തുക്കുടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി. തൂത്തുക്കുടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്‌ഥാന ഖജനാവിന് 10,000 മുതൽ 12,000 കോടി രൂപയുടെ വരെ നഷ്‌ടം ഉണ്ടാകുമെന്നും അതിനാൽ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി സർബാനന്ദ് സോനോവോൾ രാജ്യസഭയിൽ അറിയിച്ചു.
Most Read| പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ