കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്താം ക്ളാസ് ജയിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത സ്‌ഥിതിയാണ് പലര്‍ക്കും. ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികളുടെ പഠനമാണ് ഇത്തരത്തില്‍ മുടങ്ങി കിടക്കുന്നത്.
ഇതില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ജില്ലകളില്‍ പോയി പഠനം നടത്താനുള്ള സാമ്പത്തിക ശേഷിയില്ല. ചിലര്‍ മറ്റു ജില്ലകളില്‍ പോയി പഠനം തുടരുന്നുമുണ്ട്.
ജില്ലയില്‍ ആകെ 529 സീറ്റുകളാണ് എസ്ടി വിഭാഗത്തിനായി നീക്കി വെച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ 2009 വിദ്യാര്‍ഥികള്‍ പത്താം തരം പാസ്സായി. സംവരണം ചെയ്‌ത സീറ്റുകളുടെ എണ്ണവും പരീക്ഷ പാസ്സാവുന്ന വിദ്യാര്‍ഥികളുടെ എണ്ണവും തമ്മിലെ അന്തരമാണ് പ്രധാന പ്രശ്‌നം.
എന്നാല്‍ സ്‌പോട്ട് അഡ്മിഷനിലൂടെയും മറ്റും കൂടുതല്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് അധികൃതരുടെ വാദം. അതില്‍ തന്നെയും വിദ്യാര്‍ഥികളുടെ ഇഷ്‌ട വിഷയങ്ങള്‍ എടുത്ത് പഠിക്കാനുള്ള അവസരവും പലപ്പോഴും ലഭിക്കുന്നില്ല.
ജില്ലയില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് ഏക പോംവഴി, നിലവില്‍ പല സ്‌കൂളുകളിലും ഒരു ക്ളാസില്‍ 75 വിദ്യാര്‍ഥികള്‍ വരെ പഠിക്കേണ്ട സ്‌ഥിതിയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആദിവാസി വിദ്യാർഥി സംഘടനകൾ അടുത്ത ആഴ്‌ച മുതൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു സെക്രട്ടറിയേറ്റ് പരിസരത്തായിരിക്കും സമരം നടക്കുക.
Read Also: പുതിയ രൂപത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ പെരുവണ്ണാമൂഴി; പദ്ധതിക്ക് അംഗീകാരം







































