മുൻനിര സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാ വീഴ്ച. ഇൻസ്റ്റാഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ (ഫോറം) പ്രചരിക്കുകയാണ്.
ഉപഭോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പറുകൾ, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നതെന്ന് മാൽവെയർബൈറ്റ്സ് പറയുന്നു. സൈബർ ആൾമാറാട്ടം, ഫിഷിങ് ക്യാമ്പയിൻ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനാണ് കൂടുതൽ സാധ്യതയെന്നും മാൽവെയർബൈറ്റ്സ് കൂട്ടിച്ചേർത്തു. ഇത്തരം ശ്രമങ്ങൾ ഇതിനകം ഹാക്കർമാർ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. പല ഉപഭോക്താക്കളും തങ്ങൾക്ക് ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു.
ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഡാറ്റ ചോർന്നത് സ്ഥിരീകരിക്കുകയും മാൽവെയർബൈറ്റ്സിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. 2024ൽ ഉണ്ടായ ഇൻസ്റ്റഗ്രാം എപിഐ ഡാറ്റാ ലീക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നതെന്നാണ് വിവരം.
Most Read| 76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ






































