പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക് കൂടി വിവാഹ വേദിയായി മാറിയത്.
യുഎഇയിലെ അജ്‌മാനിൽ ജോലി ചെയ്യുന്ന നൂറുൽ അമീനും, യുഎഇയിലെ തന്നെ ഖോർഫുഖാനിൽ അധ്യാപികയായി ജോലിചെയ്യുന്ന സമീറയുമാണ് തങ്ങളുടെ മകളുടെ വിവാഹത്തെ വേറിട്ടതാക്കിയത്. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) നടത്തിവരുന്ന സ്‍ത്രീധന രഹിത വിവാഹ സംഗമത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നൂറുൽ അമീൻ-സമീറ ദമ്പതികൾ എത്തിയത്.
“പിസിഡബ്‌ള്യുഎഫ് പതിനൊന്ന് ഘട്ടങ്ങളിലായി നടത്തിയ സ്‍ത്രീധനരഹിത വിവാഹ സംഗമത്തിലൂടെ 192 യുവതീ യുവാക്കൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കിയിട്ടുണ്ട്. ഈ കാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടരായാണ് സംഘടനയുടെ യുഎഇ കമ്മിറ്റി ഭാരവാഹികളായ നൂറുൽ അമീൻ, സമീറ ദമ്പതികൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്“ -സംഘടനാ പ്രതിനിധികൾ പറഞ്ഞു.
നാല് പവൻ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ വിവാഹ ചിലവുകളെല്ലാം വഹിച്ചാണ് രണ്ടു ദമ്പതികൾക്ക് ഈ വേദി തണലായത്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പൊന്നാനി മഖ്‌ദും എംപി മുത്തുകോയ തങ്ങൾ എന്നിവരാണ് നിക്കാഹിന് കാർമികത്വം വഹിച്ചത്. അനസ് മൗലവി പ്രഭാഷണം നിർവഹിച്ചു.

“ജൂൺ 15ന് സംഘടനയുടെ കേന്ദ്ര പ്രസിഡണ്ടായ സിഎസ് പൊന്നാനിയുടെ മകളുടെ വിവാഹത്തോടെയാണ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തോടൊപ്പം ചുരുങ്ങിയത് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹമെങ്കിലും നടത്തുകയെന്ന മാതൃകാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഈ മാതൃക പിന്തുടർന്ന് തങ്ങളുടെ മക്കളുടെ വിവാഹത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹമെങ്കിലും നടത്താൻ പലരും രംഗത്ത് വന്നിട്ടുണ്ടെന്നത് ശുഭസൂചനയാണ്“ -സംഘടന പുറത്തറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.
MOST READ | മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും കുറ്റവിമുക്‌തരാക്കി ബോംബൈ ഹൈക്കോടതി