പത്തനാപുരം: ആറ് മക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിള വീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ( 100)യാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനാണ് ജാനകിയമ്മയുടെ ഒപ്പം താമസിച്ചിരുന്നത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ മകനും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസം. മറ്റ് മക്കളും കുടുംബവും തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നത്.
അമ്മ മരിച്ച് പുഴുവരിച്ച് കിടക്കുന്നുവെന്ന് മകൻ അടുത്ത വീട്ടിലെത്തി അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രണ്ടുമുറി മാത്രമുള്ള പഴയ വീട്ടിലെ വൃത്തിഹീനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. പോലീസ് നടപടികൾക്ക് ശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹ പരിശോധനയ്ക്കുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാൻ വൈകിയതെന്നും ഇവർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും പോലീസ് ഇൻസ്പെക്ടർ പിഐ മുബാറക് അറിയിച്ചു.
Also Read: ദത്ത് വിവാദം; റിപ്പോർട് തേടി വീണ്ടും വനിതാ കമ്മീഷന്റെ കത്ത്








































