ന്യൂഡെൽഹി: ഇന്ത്യയിലെ മൂന്നിൽ ഒരു സ്ത്രീ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം സ്ത്രീകൾ 15 വയസ് മുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് റിപ്പോർട് സൂചിപ്പിക്കുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട് പ്രകാശനം ചെയ്തത്. രാജ്യത്തെ 6 ശതമാനം സ്ത്രീകൾ തങ്ങളുടെ ജീവിതകാലം മുഴുവൻ അതിക്രമങ്ങൾ നേരിടുന്നതായും, 14 ശതമാനം സ്ത്രീകൾ മാത്രമാണ് അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന ഗാർഹിക പീഡനങ്ങളിൽ കുറവ് വന്നതായും റിപ്പോർട് സൂചിപ്പിക്കുന്നു.
ഗാർഹിക പീഡനങ്ങൾ 31.2 ശതമാനത്തിൽ നിന്നും 29.3 ശതമാനമായി നിലവിൽ കുറഞ്ഞു. 18-49 പ്രായപരിധിയിലുള്ള വിവാഹിതരായ 32 ശതമാനം സ്ത്രീകളാണ് രാജ്യത്ത് നിരവധി തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നത്. ഇതിൽ 80 ശതമാനം കേസുകളിലും ഭർത്താവാണ് അതിക്രമം നടത്തുന്നതെന്നും റിപ്പോർട് സൂചിപ്പിക്കുന്നു. കർണാടകയിലാണ് സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത്. അതേസമയം രാജ്യത്തെ 4 ശതമാനം പുരുഷൻമാർ മാത്രമാണ് ഗാർഹിക പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോർട് സൂചിപ്പിക്കുന്നു.
Read also: നൂറനാട്ടെ സംഘർഷം; ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്റ്റിൽ