വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നീട് വഴിമാറിയത് റാഗിങ് എന്ന കൊടും ക്രൂരതയിലേക്കായിരുന്നു.
മൂന്നുദിവസം നീണ്ട ക്രൂര പീഡനത്തിനൊടുവിലാണ് പൂക്കോട് വെറ്ററിനറി സർവകശാലയിലെ ഹോസ്റ്റലിൽ രണ്ടാംവർഷ വിദ്യാർഥി നെടുമങ്ങാട് കുറക്കോട്ടെ സിദ്ധാർഥൻ തൂങ്ങിമരിച്ചത്. മരണത്തിനിപ്പുറം ഒരുവർഷം കഴിയുമ്പോഴും നീതിക്കായുള്ള നിയമപോരാട്ടത്തിലാണ് കുടുംബം. മകന്റെ മരണം കണ്ണീരായി ശേഷിച്ചപ്പോഴും രക്ഷിതാക്കളായ ജയപ്രകാശും ഷീബയും നടത്തിയ നിയമപോരാട്ടം മനഃസാക്ഷിയുള്ള മുഴുവൻ മലയാളികളും ഏറ്റെടുത്തു.
പ്രതികൾക്ക് പല കോണുകളിൽ നിന്നും സഹായം ലഭിക്കുന്നുവെന്നാണ് പിതാവ് ജയപ്രകാശിന്റെ പരാതി. എന്നാൽ, നീതിക്കായുള്ള നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും പിതാവ് പറയുന്നു. പ്രതികളായ 17 വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഈയടുത്ത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.
സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്കും ഡീനിനും വാർഡർമാർക്കും ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സിദ്ധാർഥനെ മർദ്ദിക്കുന്ന വിവരമറിഞ്ഞിട്ടും തടയാനോ വേണ്ട ചികിൽസ നൽകാനോ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ആരാജകത്വമാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങളുടെ പോരാട്ടം ഇനി ഒരിക്കലും മറ്റൊരു സിദ്ധാർഥൻ ഉണ്ടാകാതിരിക്കാൻ ആണെന്നായിരുന്നു അന്ന് കുടുംബം പ്രതികരിച്ചിരുന്നത്. എന്നാൽ, പിന്നീടും സംസ്ഥാനത്ത് കൊടുംഭീകരമായ റാഗിങ് കഥകൾ ഉയർന്നു കൊണ്ടേയിരിക്കുകയാണ്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി