പൊന്നാനി: 17 സംസ്‌ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിനടന്ന പ്രതി പിടിയിൽ. പൊന്നാനി നഗരത്തിലെ ലോഡ്‌ജിൽ നിന്നാണ് കൊല്ലം പെരിനാട് ഞാറയ്‌ക്കൽ സ്വദേശിയായ എസ് അമീറിനെ (25) പോലീസ് പിടികൂടിയത്. ലോഡ്‌ജിൽ ചീട്ടുകളി സംഘത്തെ അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ അമീർ അബദ്ധത്തിൽ പെടുകയായിരുന്നു.
ഹോട്ടൽ മുറികളുടെ ജനലിന് പുറത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായുള്ള പോലീസിന്റെ വരവറിഞ്ഞ പ്രതി, കൈവശമുണ്ടായിരുന്ന വ്യാജരേഖകളെല്ലാം വാരിക്കൂട്ടി സഞ്ചിയിലാക്കി ജനൽവഴി താഴേക്ക് കെട്ടിയിറക്കി. പുറത്തേക്ക് വന്ന ചാക്കുകെട്ട് പുറത്ത് കാവൽനിന്ന പോലീസുകാരന്റെ കൺമുന്നിലാണ് വന്നുപെട്ടത്.
പിന്നാലെ, പോലീസ് ഈ മുറിയിൽ പരിശോധന നടത്തുകയായിരുന്നു. 17 സംസ്‌ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് അമീർ. പാസ്ബുക്കുകൾ, തട്ടിപ്പ് നടത്താനുപയോഗിച്ച ഏഴ് മൊബൈൽ ഫോണുകൾ എന്നിവയാണ് ഇയാൾ സഞ്ചിയിലാക്കി ജനൽവഴി പുറത്തേക്ക് തൂക്കിയിട്ടത്. മൊബൈൽ ഫോണുകൾ തമിഴ്‌നാട്ടിൽ നിന്ന് മോഷ്‌ടിച്ചതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
വിവിധ വ്യക്‌തികളുടെ പേരിലുള്ള 25 പാസ്ബുക്കുകൾ, 24 ചെക്ക് ബുക്ക്, 30 എടിഎം കാർഡുകൾ, 25 സിം കാർഡുകൾ എന്നിവ കണ്ടെടുത്തു. പ്രതിയെ സൈബർ പോലീസിന് കൈമാറി. കേരളത്തിൽ നാല് പരാതികളാണ് ഇയാൾക്കെതിരെ ഉള്ളത്. ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തുന്നതാണ് രീതി. ഇതിനായി വിദേശത്തുള്ള മറ്റൊരാളുടെ സഹായം പ്രതിക്ക് ലഭിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പൊന്നാനി സിഐ ജലീൽ കറുത്തേടത്ത്, എസ്‌ഐ യാസിർ, എഎസ്ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ് പ്രശാന്ത് കുമാർ, പി മനോജ്, സിവിൽ പോലീസ് ഓഫീസർ ടിഎസ് രഞ്‌ജിത്ത്, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read| വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി