തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ് ശുപാർശ. ഇതിനായുള്ള മൊബൈൽ ആപ്പ് നിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബെവ്കോ.
മൂന്ന് വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. 23 വയസ് പൂർത്തിയായവർക്ക് മാത്രം മദ്യം നൽകാനാണ് ശുപാർശ. തിരിച്ചറിയൽ കാർഡുകൾ നോക്കി ഇക്കാര്യം ഉറപ്പുവരുത്തും.
ഒരുതവണ മൂന്ന് ലിറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്‌ത് കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിന് പരിധി നിശ്‌ചയിക്കുമെന്നും എംഡി പറഞ്ഞു. ഡെലിവറി കമ്പനിയായ സ്വിഗി പദ്ധതിയോട് താൽപര്യം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യവിതരണത്തിന്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.
കോവിഡ് കാലത്ത് മദ്യം ഓൺലൈനിലൂടെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതിൽപ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല. സർക്കാരും വേണ്ടത്ര താൽപര്യം കാണിച്ചിരുന്നില്ല.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി