കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്സിജൻ പ്ളാന്റ് പ്രവർത്തനസജ്ജമാകും. പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ചിടത്ത് ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്ളാന്റ് സ്ഥാപിക്കുന്നത്.
നഗരസഭാ ചെയർപേഴ്സൺ വി സുജാത അധ്യക്ഷയായി. സൂപ്രണ്ട് ഡോ.എംപി ജീജ, ഡോ.അനിൽ കുമാർ, ഡോ.സച്ചിൻ, കെ അജിത, കെകെ ഷമീർ, എംവി ശ്രീജ, വി അൽത്താഫ്, സി പ്രീത, കെകെ സജിത്ത് കുമാർ, പി വിനോദൻ, സി സിജു എന്നിവർ പങ്കെടുത്തു. 75 ലക്ഷം രൂപ ചെലവിട്ട് അൻപതിനായിരം എൽപിഎം സംഭരണ ശേഷിയുള്ള പ്ളാന്റാണ് കൂത്തുപറമ്പിൽ സ്ഥാപിക്കുക.
അന്തരീക്ഷത്തിൽനിന്ന് ശേഖരിച്ച് സംസ്കരിച്ച ശേഷം ശുദ്ധമായ ഓക്സിജനാണ് പ്ളാന്റിൽനിന്നും വിതരണം ചെയ്യുക. ഒരുമിനിറ്റിൽ 200 ലിറ്റർ സംഭരണശേഷിയുള്ളതാകും പ്ളാന്റ്. 200 ബെഡുകളിൽ ഓക്സിജൻ നേരിട്ട് എത്തിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല.
Also Read: പോക്സോ കേസ്; യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്




































