പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്.
2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും നിരവധി കാരണങ്ങളാൽ നിർമ്മാണപ്രവർത്തങ്ങൾ നീണ്ടുപോകുകയായിരുന്നു. 2018ൽ പൂർത്തിയാകുമെന്ന് കരുതിയെങ്കിലും നടന്നില്ല. കഴിഞ്ഞ വർഷം മാസങ്ങളോളം പണികൾ നിർത്തിവെച്ചിരുന്നു. 2021ഓടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. തീരദേശ വികസന അതോറിറ്റിക്കായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല. പിന്നീട് സ്വകാര്യ കരാറുകാരൻ ഇതേറ്റെടുക്കുകയായിരുന്നു.
6,000 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വലുപ്പം. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടവും ഇതിനടുത്തായാണ് നിർമ്മിക്കുന്നത് രണ്ടുനിലകളിലായി കിടത്തി ചികിത്സക്കുള്ള സൗകര്യവുമൊരുക്കുണ്ട്. തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും ഏറെ പ്രയോജനമാകുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. നിലവിൽ സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും മൂന്നു മാസം കൊണ്ട് പണികൾ പൂർത്തിയാകുമെന്നും മൂപ്പൈനാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.







































