ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽ നിന്ന് ഉടൻ സൈനികാക്രമണം ഉണ്ടാകുമെന്നാണ് ഗ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
”ഇന്ത്യയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള അക്രമണത്തെക്കുറിച്ചു പാക്കിസ്‌ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ സൈന്യത്തെ ശക്‌തിപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്‌ഥയിൽ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും”- ഗ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളായ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളിൽ രണ്ടുപേർ പാക്കിസ്‌ഥാൻകാരാണെന്ന് ഇന്ത്യ സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു പാക്കിസ്‌ഥാൻ വാദം.
അതിനിടെ, ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്നും പ്രശ്‌നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും പ്രയോഗിക്കണമെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിർദ്ദേശം നൽകി. ഞായറാഴ്‌ച വൈകീട്ട് ലാഹോറിൽ വെച്ചാണ് സഹോദരൻ കൂടിയായ ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്‌ച നടത്തിയത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ