ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്ത് സുരക്ഷാ സേന. പാക്ക് അധിനിവേശ കശ്‌മീരിലുള്ള ഷാരൂഖ് അഹമ്മദ് തദ്‌വിയുടെ വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് ഏറ്റവും അവസാനമായി സുരക്ഷാസേന ബോംബിട്ട് തകർത്തത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 11ൽ കൂടുതൽ ഭീകരരുടെയും അവരുടെ കൂട്ടാളികളുടെയും വീടുകൾ തകർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭീകരരരുടെ താവളങ്ങൾ തകർക്കുന്നതിനായി ശ്രീനഗറിൽ ശനിയാഴ്‌ച 60ലധികം സ്‌ഥലങ്ങളിൽ റെയ്‌ഡുകൾ നടത്തിയതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. രാജ്യ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയോ ഭീകര പ്രവർത്തനമോ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും രഹസ്യാന്വേഷണ ശേഖരണത്തിനുമാണ് റെയ്‌ഡുകൾ നടക്കുന്നത്. ആയുധങ്ങൾ, രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ മുതലായവ പിടിച്ചെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിൽ ഷോപിയാൻ ജില്ലയിലെ സൈനപോറ പ്രദേശത്ത് ലഷ്‌കറെ ത്വയിബ തീവ്രവാദിയായ അദ്‌നാൻ ഷാഫിയുടെ വീട് ബോംബിട്ട് തകർത്തിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ തോക്കർപുരയിൽ നിന്നുള്ള ആദിൽ അഹമ്മദ് തോക്കർ, പുൽവാമയിലെ മുറാനിൽ നിന്നുള്ള അസ്ഹനുൽ ഹഖ് ഷെയ്ഖ്, ത്രാലിൽ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയിൽ നിന്നുള്ള ഷാഹിദ് അഹമ്മദ് കൂട്ടായ്, കുൽഗാമിലെ മതൽഹാമയിൽ നിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തതിൽ ഉൾപ്പെടുന്നു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി