ശ്രീനഗർ: അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന പാക് പട്ടാളത്തിന്റെ ആക്രമണത്തിൽ ജവാന് വീരമൃത്യു. ഇന്ത്യ-പാക് അതിർത്തിയിലെ രജോറിയിലാണ് വെടിവെപ്പുണ്ടായത്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ജെസിഒ രാജ് വിന്ദർ സിംഗ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കേരി മേഖലയിലെ ഫോർവേഡ് പോസ്റ്റിൽ കാവൽ നിൽക്കുകയായിരുന്ന രാജ് വിന്ദറിന് പാക് പട്ടാളത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിനു കീഴടങ്ങിയെന്ന് പോലീസ് അറിയിച്ചു . പാകിസ്ഥാൻ പട്ടാളം യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ആക്രമണത്തിൽ പാക് സൈനികർക്ക് പരിക്കേറ്റുവെന്നാണ് സൂചനകൾ. നാലു ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.
2020 ജനുവരി മുതൽ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാകിസ്ഥാൻ മേഖലയിലെ സമാധാനത്തിന് വെല്ലുവിളി തീർക്കുകയാണ്. ഈ വർഷം ഇതുവരെ 2270 തവണയാണ് പാക് പട്ടാളം കരാർ ലംഘിച്ചത്. 27 സാധാരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.







































