ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്.
സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും തകർക്കുമെന്നുമാണ് ഗ്വാജ ആസിഫിന്റെ ഭീഷണി. കരാർ മരവിപ്പിച്ചാൽ പാക്കിസ്‌ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്‌ടമാകും.
പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ചേർന്ന സുരക്ഷാ സമിതി യോഗത്തിലാണ് സിന്ധൂനദീജല കരാർ മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പിന്നാലെ പാക്കിസ്‌ഥാൻ പ്രതികരിച്ചിരുന്നു. കുടിവെള്ളം മുടക്കിയാൽ ഇന്ത്യക്കാരുടെ രക്‌തമായിരിക്കും നദികളിലൂടെ ഒഴുകുക എന്ന പ്രകോപനപരമായ പ്രസ്‌താവനയും പാക്കിസ്‌ഥാൻ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. അതേസമയം, ഇത്തരം ആഴമില്ലാത്ത ഭീഷണികൾ പാക്കിസ്‌ഥാൻകാരുടെ പേടിയാണ് വെളിപ്പെടുത്തുന്നതെന്നും പാക്കിസ്‌ഥാൻ പ്രതിരോധമന്ത്രിക്ക് ഉൾപ്പടെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ വക്‌താവ് ഷഹ്‌നവാസ് ഹുസൈൻ പ്രതികരിച്ചു.
അതിനിടെ, പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരർ ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ബന്ദാരകനായകെ രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധന നടത്തി. ആറ് ഭീകരർ എത്തിയെന്നാണ് വിവരം. ശ്രീലങ്കൻ പോലീസും വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്‌ഥരും ചേർന്ന് നടത്തുന്ന പരിശോധനയുടെ വിവരങ്ങൾ ശ്രീലങ്കൻ മാദ്ധ്യമങ്ങളാണ് റിപ്പോർട് ചെയ്‌തത്.
അതേസമയം, അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് ശ്രീലങ്കൻ എയർലൈൻസ് പുറത്തുവിടുന്ന വിവരം. ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയ്‌ക്ക് 11.59ന് കൊളംബോയിലെത്തിയ യുഎൽ 122ആം നമ്പർ വിമാനത്തിലാണ് ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം തിരച്ചിൽ നടത്തിയത്. ഇന്ത്യ തേടുന്ന ഭീകരർക്ക് വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് ശ്രീലങ്കൻ എയർലൈൻസ് സ്‌ഥിരീകരിച്ചിരുന്നു. പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രവും ഇന്ത്യ കൈമാറിയിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!