ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്‌ഥാൻ. തുടർച്ചയായി 12ആം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പുണ്ടായത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ മേഖലകളിലാണ് വെടിവയ്‌പ്പുണ്ടായത്.
ഇന്ന് പുലർച്ചെയും ഇന്നലെ അർധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക്ക് പ്രകോപനം ഉണ്ടായെന്ന് പ്രതിരോധ വക്‌താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്‌മീരിലെ ഏഴ് അതിർത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്‌പ്പ് നടന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്‌ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. നാളെ സമഗ്രമായ മോക്ക്‌ഡ്രില്ലുകൾ നടത്താനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അടിയന്തിര ബ്ളാക്ക്‌ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, സുപ്രധാന പ്ളാന്റുകളും സ്‌ഥാപനങ്ങളും മറയ്‌ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. അതേസമയം, പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്‌ജമാണെന്നാണ് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി