ന്യൂഡെൽഹി: സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയിൽ മിന്നൽ പ്രളയം. ഇതേത്തുടർന്ന് പാക്ക് അധീന കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയിൽ നിർമിച്ചിട്ടുള്ള അണക്കെട്ട് തുറന്നുവിട്ടതാണ് മിന്നൽ പ്രളയത്തിന് കാരണമെന്നാണ് പാക്കിസ്‌ഥാൻ ആരോപിക്കുന്നത്.
സിന്ധൂനദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെയുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിതെന്നാണ് പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. എന്നാൽ, ഡാം തുറന്നുവിട്ടതായി ഇന്ത്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. പതിവായി തുറന്നുവിടുന്ന അളവിലുള്ള വെള്ളം മാത്രമേ ഇന്ത്യ തുറന്ന് വിട്ടിട്ടുള്ളൂവെന്നും ജമ്മു കശ്‌മീരിൽ പെയ്‌ത കനത്ത മഴയെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടാവുകയും കന്നുകാലികളടക്കം ഒലിച്ചുപോവുകയും ചെയ്‌തിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ പാക്ക് അധീന കശ്‌മീർ തലസ്‌ഥാനമായ മുസാബർബാദിലും ചക്കോട്ടിയിലും ഉച്ചഭാഷിണികൾ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ചിലയിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ അണക്കെട്ട് തുറന്നുവിട്ടേക്കുമെന്ന ആശങ്ക പാക്കിസ്‌ഥാനുണ്ടായിരുന്നു. രാജ്യാന്തര മാനദണ്ഡങ്ങളുടെയും സിന്ധൂനദീജല ഉടമ്പടിയുടെയും ലംഘനമാണ് ഇന്ത്യയുടെ നടപടിയെന്ന് പാക്കിസ്‌ഥാൻ ആരോപിച്ചു. പഹൽഗാമിൽ 26 വിനോദ സഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സഹായം ലഭിച്ചത് പാക്കിസ്‌ഥാനിൽ നിന്നാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ സിന്ധൂനദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.
തീരുമാനം നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്‌ഞാപനം പുറപ്പെടുവിക്കുകയും വ്യാഴാഴ്‌ച അത് പാക്കിസ്‌ഥാന് കൈമാറുകയും ചെയ്‌തിരുന്നു. കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും, സിന്ധൂജല കമ്മീഷണർമാർ തമ്മിലുള്ള കൂടിക്കാഴ്‌ചകൾ, ഡാറ്റ പങ്കിടൽ, പുതിയ പദ്ധതികളുടെ മുൻകൂർ അറിയിപ്പ് എന്നിവയുൾപ്പെടെ എല്ലാ ഉടമ്പടി ബാധ്യതകളും ഫലപ്രദമായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും വിജ്‌ഞാപനത്തിൽ പറയുന്നു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി