ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 32 പേർക്ക് പരിക്കേറ്റതായും ബലൂചിസ്‌ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. കാർ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്‌തമാക്കി.
ക്വറ്റയിലെ സർഗൂൻ റോഡിലുള്ള പാക്കിസ്‌ഥാൻ അർധസൈനിക വിഭാഗമായ എഫ്‌സി (ഫ്രോണ്ടിയർ കോർപ്‌സ്) ആസ്‌ഥാനത്തിന് സമീപമാണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനം ഉണ്ടായത്. ശക്‌തമായ പൊട്ടിത്തെറി ഉണ്ടായതിനാൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നതായി പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സ്‍ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് ആളുകളിൽ പരിഭ്രാന്തിയും ഭയവും പരത്തി. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ബഖത് കാക്കർ പറഞ്ഞു.
സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി പോലുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള ആക്രമണങ്ങൾ കാരണം ബലൂചിസ്‌ഥാൻ വളരെക്കാലമായി പ്രക്ഷുബ്‌ധമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ റോഡിൽ ശക്‌തമായ സ്‌ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ