ശ്രീനഗർ: കശ്‌മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പ്. തുടർച്ചയായി എട്ടാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ വെടിയുതിർക്കുന്നത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂർ പ്രദേശങ്ങളിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ പിന്തുണ സ്‌ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിന് മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്‌ഥാനെതിരെ സ്വീകരിച്ചത്. സിന്ധൂതദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരൻമാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ഇതിനുപിന്നാലെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാക്കിസ്‌ഥാനും റദ്ദാക്കി. ഷിംല കരാർ ആയിരുന്നു അതിൽ പ്രധാനം. തുടർന്നാണ് അതിർത്തിയിൽ പാക്കിസ്‌ഥാൻ വെടിവയ്‌പ്പ് ആരംഭിച്ചത്. അതേസമയം, പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന നാല് ഭീകരർ ഇപ്പോഴും തെക്കൻ കശ്‍മീരിൽ ഉണ്ടെന്നാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം.
സൈന്യവും പ്രാദേശിക പോലീസും നടത്തുന്ന തിരച്ചിലിനിടെയാണ് ഭീകരർ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇടതൂർന്ന വനങ്ങളിലാകാം ഇവർ ഒളിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണസാധനങ്ങളും മറ്റു അവശ്യ വസ്‌തുക്കളും ഭീകരർ കൈയിൽ കരുതിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാനും എൻഐഎ നീക്കം നടത്തുന്നുണ്ട്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്









































