ശ്രീനഗർ: കശ്‌മീർ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ സൈന്യം വെടിയുതിർക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
പൂഞ്ച് സെക്‌ടറിൽ പാക്കിസ്‌ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇതാദ്യമായാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് ഇന്ത്യ- പാക്കിസ്‌ഥാൻ ബന്ധം കൂടുതൽ വഷളായത്. ആക്രമണത്തിന് മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധൂനദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരൻമാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്‌തു.
ഓരോ ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഇന്ത്യ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുമെന്നും ഈ ഭൂമിയുടെ അറ്റം വരെ ഭീകരരെ പിന്തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാക്കിസ്‌ഥാനും റദ്ദാക്കി. ഷിംല കരാർ ആയിരുന്നു അതിൽ പ്രധാനം. തുടർന്നാണ് പാക്കിസ്‌ഥാൻ അതിർത്തിയിൽ വെടിവെയ്‌പ്പ് ആരംഭിച്ചത്.
അതേസമയം, അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ ജവാനെ വിട്ടുനൽകാൻ ഇതുവരെ പാക്കിസ്‌ഥാൻ തയ്യാറായിട്ടില്ല. ഇതിനായി ചർച്ചകൾ നടക്കുകയാണ്. അതിനിടെ, പാക്കിസ്‌ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രകോപനവുമായി ചൈന രംഗത്തെത്തി. പാക്കിസ്‌ഥാന് കൂടുതൽ ആയുധങ്ങൾ കൈമാറി. യുദ്ധകാലാടിസ്‌ഥാനത്തിൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്.
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്‌ഥാന്റെ ആവശ്യത്തെ പിന്തുണയ്‌ക്കുമെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. പാക്കിസ്‌ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്‌ക്കുമെന്നും പറഞ്ഞിരുന്നു. പാക്കിസ്‌ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാക്കിസ്‌ഥാനുള്ള പിന്തുണ ചൈന അറിയിച്ചത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!