ഇസ്‌ലാമാബാദ്: ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയാണ് പാക്കിസ്‌ഥാൻ മുഴക്കിയിരിക്കുന്നത്. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി.
ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം ആസിഫ് നിഷേധിച്ചു. ലഷ്‌കറെ ത്വയിബ പാക്കിസ്‌ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്‌ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കുമെന്ന് ആസിഫ് ചോദിച്ചു.
ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്‌ത ചരിത്രം പാക്കിസ്‌ഥാനുണ്ടെന്നും ഗ്വാജ മുഹമ്മദ് ആസിഫ് സമ്മതിച്ചു. പാശ്‌ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്‌തതിന്റെ ദുരിതം പാക്കിസ്‌ഥാൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ ഈ ചീത്തജോലി യുഎസിന് വേണ്ടി മൂന്ന് ദശകത്തോളമായി ചെയ്‌തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കമുള്ള പാശ്‌ചാത്യർക്ക് വേണ്ടിയാണിത്. തെറ്റുതന്നെ. അതിന്റെ ദുരിതം ഞങ്ങൾ അനുഭവിക്കുന്നു”- ആസിഫ് പറഞ്ഞു.
അതേസമയം, കശ്‌മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണമെന്നും, അന്വേഷകരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്‌ഥാൻ സഹകരിക്കുമെന് ഉറപ്പ് നൽകുന്നതായും ആസിഫ് കൂട്ടിച്ചേർത്തു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ