ഉറ്റ സുഹൃത്തുക്കളുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്; പൊതുദർശനം തുടങ്ങി

പത്തരയോടെ തുപ്പനാട് ജുമാ മസ്‌ജിദിൽ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും കബറടക്കം.

By Senior Reporter, Malabar News
palakkad acident
Ajwa Travels

പാലക്കാട്: ഉറ്റ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഒരു നാട്. ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തേങ്ങലടക്കി പ്രണാമമർപ്പിക്കുകയാണ്.

പാലക്കാട് ജില്ലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഏട്ടര മുതൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. പത്തരയോടെ തുപ്പനാട് ജുമാ മസ്‌ജിദിൽ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും കബറടക്കം. പരീക്ഷയെഴുതി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ ലോറി ദേഹത്തേക്ക് മറിഞ്ഞാണ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനികൾ മരിച്ചത്.

ചെറുള്ളി പള്ളിപ്പുറം അബ്‌ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പിഎ ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്‌ദുൽ റഫീഖിന്റേയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13),  കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അന്തിക്കൽ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകൾ എഎസ് ആയിഷ (13) എന്നിവരാണ് മരിച്ചത്.

ഇവരുടെ സഹപാഠി ആജ്‌ന ഷെറിൻ സമീപത്തെ ചെറിയ താഴ്‌ചയിലേക്ക് തെറിച്ച് വീണതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. അര കിലോമീറ്ററിനുള്ളിലാണ് മരിച്ച നാല് കുട്ടികളുടെയും വീടുകൾ.

പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന മറ്റൊരു ലോറിയുടെ പിൻഭാഗത്ത് ഇടിച്ചു ഇടതുവശത്തേക്ക് പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ് പൊടി പറന്നതിൽ കുറച്ചുനേരത്തേക്ക് ഒന്നും വ്യക്‌തമായില്ല.

പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. അഞ്ചുപേരും പതിവായി ഒരുമിച്ചാണ് സ്‌കൂളിൽ പോയി വരുന്നത്.

അതേസമയം, അപകടത്തിൽപ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്റെയും ക്ളീനർ വർഗീസിന്റെയും മൊഴിയാണ് രേഖപ്പെടുത്തുക. ശേഷമാകും ഇവർക്കെതിരെ കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുക. എതിരെ വന്ന വാഹന ഉടമയെയും ചോദ്യം ചെയ്യും. ഈ വാഹനത്തിന്റെ ഡ്രൈവർ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിത വേഗത്തിലും വണ്ടിയോടിച്ചുവെന്നാണ് കേസ്.

Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE