പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിൽ നിന്ന് ഇന്ന് രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്- തൗഹിയ ദമ്പതികളുടെ മകൻ സുഹാനെയാണ് ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ കാണാതായത്. ശനിയാഴ്‌ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സുഹാന്റെ പിതാവ് മുഹമ്മദ് അനസ് ഗൾഫിലാണ്. അധ്യാപികയായ അമ്മ തൗഫിയ ഈസമയം വീട്ടിൽ ഇല്ലായിരുന്നു. വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് സുഹാനും എട്ടുവയസുള്ള സഹോദരനും ടിവി കാണുകയായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിയിലായിരുന്നു. കുറച്ചുകഴിഞ്ഞു സുഹാനെ കാണാതായപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടില്ല.
വഴക്കുകൂടിയപ്പോൾ സുഹാൻ പുറത്തേക്കിറങ്ങി പോയെന്നാണ് സഹോദരൻ പറഞ്ഞത്. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും പരാതി നൽകി. ചിറ്റൂർ ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സമീപത്തെ കുളത്തിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഡോഗ് സ്‌ക്വാഡ് സമീപത്തെ കുളവരമ്പ് വരെ കഴിഞ്ഞദിവസം മണം പിടിച്ചെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. വീടിന് സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ട്. മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നാണ്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം




































