പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോ എന്നത് പ്രത്യേകം അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു. കേസിലെ പ്രതിയായ രാജേന്ദ്രനുമായി ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയിരുന്നു. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. അതേസമയം, രാജേന്ദ്രനെ അടുത്തദിവസം ചെന്നൈയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര വീട്ടിലെത്തിച്ചത്. വൃദ്ധ ദമ്പതികളായ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും കൊലപ്പെടുത്തിയ രീതിയും ആയുധങ്ങൾ ഉപേക്ഷിച്ചത് എങ്ങനെയെന്നതിനെ കുറിച്ചും രാജേന്ദ്രൻ വിശദീകരിച്ചു. ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. ആളൊഴിഞ്ഞ സ്ഥലത്തെ വീടെന്ന നിലയിലാണ് രാജേന്ദ്രൻ ഇവിടം തിരഞ്ഞെടുത്തത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരെ വീട്ടിലെ കിടപ്പു മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കവർച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഓട് പൊളിച്ച് വീടിനുള്ളിൽ കയറി കൃത്യം നിർവഹിച്ചശേഷം വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് പ്രതി രക്ഷപെട്ടത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തുന്നതിന് ഒന്നിൽകൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുകയും തെളിവുകൾ സമർഥമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളും ജലാശയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കൊലയ്ക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന മടവാൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടെ എമർജൻസി വിളക്കും വടിയും കണ്ടെത്തിയിരുന്നു. തുടർന്ന് നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. സംഭവം നടന്ന് അഞ്ച് വർഷത്തോട് അടുക്കുമ്പോഴാണ് വൃദ്ധ ദമ്പതികളുടെ അയൽവാസിയായ രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.
Most Read: ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം








































