പാലക്കാട്: സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഷിക്കിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മോഷണക്കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ഈസ്‌റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് കൊലപാതക കാര്യം പട്ടാമ്പി പോലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 17ന് ആണ് സംഭവം നടന്നതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. മദ്യപാനത്തിനിടെ തർക്കം ഉണ്ടാക്കിയപ്പോൾ ആഷിക് തന്നെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. ഈ സമയം ആഷിക്കിന്റെ കൈയിൽ നിന്ന് കത്തി ബലമായി പിടിച്ചുവാങ്ങി യുവാവിന്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് ഫിറോസ് പോലീസിൽ മൊഴി നൽകിയത്. തുടർന്ന് സ്വന്തം ഓട്ടോറിക്ഷയിൽ മൃതദേഹം അഴിക്കലപ്പറമ്പിലെത്തിച്ചു കുഴിച്ചു മൂടുകയായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.
വെളിപ്പെടുത്തലിൽ അമ്പരന്ന പോലീസ് പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതിയുമായി പാലക്കാട് പോലീസ് സംഘം സംഭവ സ്‌ഥലത്ത് പോയി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ചിനക്കത്തൂരിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. 2015ൽ നടന്ന മോഷണ കേസിലെ പ്രതിയാണ് മുഹമ്മദ് ഫിറോസ്.
Most Read: കോൺസുലേറ്റ് നൽകിയ ഖുർആൻ തിരിച്ചേൽപിക്കും; കെടി ജലീൽ







































