തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബിൽ മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. നിലവിലെ വഖഫ് നിയമം ആരെയും ദ്രോഹിക്കുന്നില്ല. ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്‌ടമാകും. നിയമഭേദഗതിയെ എല്ലാവരും ഒന്നിച്ച് ചെറുക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ ഈദ്ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വഖഫ് അല്ലാഹുവിന്റെ ദാനമാണ്. ആ നിലയ്‌ക്ക് അത് അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് നമ്മുടെ നാട്ടിൽ വഖഫ് നിയമങ്ങളുള്ളത്. ഈ നിയമങ്ങളിൽ വലിയ ഭേദഗതികൾ വരുത്തുന്ന ബില്ലാണ് പാസാക്കാൻ പോകുന്നത്.
പുതിയ ബില്ലിൽ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്‌ഥാന വഖഫ് ബോർഡുകളിലും വഖഫ് ട്രൈബ്യൂണലുകളിലും അമുസ്‌ലിം അംഗങ്ങൾ ഉണ്ടാകണമെന്ന നിബന്ധന വെച്ചിരിക്കുകയാണ്. വിശ്വാസികളാണ് വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യേണ്ടത് എന്നത് ഖുർആനിന്റെ തത്വമാണ്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്”- പാളയം ഇമാം പറഞ്ഞു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശവും അദ്ദേഹം വിശ്വാസികളോട് പങ്കുവെച്ചു. ലഹരിയിലേക്കും മയക്കുമരുന്നിലേക്കും മനുഷ്യനെ നയിക്കുന്നത് അവരുടെ ഭോഗാസക്‌തിയാണ്. അൽപ്പമാണെങ്കിലും കൂടുതലാണെങ്കിലും ലഹരി ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ റമദാനിൽ നിന്നാണ് വിമുക്‌തരായത്. അത് ഭോഗാസക്‌തിയെ നിയന്ത്രിക്കാനുള്ള മാസം കൂടിയായിരുന്നു എന്ന് മനസിലാക്കണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ