കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കലക്ടറുടെ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാകും ടോൾ പിരിവ് സംബന്ധിച്ച തീരുമാനം ഉണ്ടാവുക. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ചു നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
ഈ റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ, പോലീസ് റിപ്പോർട് അത്തരത്തിൽ അല്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. പേരാമ്പ്രയിലെ അടിപ്പാത നിർമാണം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പോലീസ് റിപ്പോർട്.
ഇത് ഈ മാസം ഏഴിന് തയ്യാറാക്കിയതാണ്. ഇതുകൂടി ജില്ലാ കലക്ടർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ആറിനാണ് കോടതി ടോൾ പിരിവ് തടഞ്ഞത്. ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത് പിന്നീട് ഇന്നുവരെ നീട്ടുകയായിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം







































