കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി. എന്നാൽ, കോടതിയുടെ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് നിർദ്ദേശം നൽകി. അതേസമയം, കോടതി കേസ് തീർപ്പാക്കിയിട്ടില്ല.
സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട് നൽകാനും ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവർ കലക്‌ടർക്ക് നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോഴും സർവീസ് റോഡിലെ സുരക്ഷാ പ്രശ്‌നങ്ങൾ അടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടി.
റോഡിൽ താൽക്കാലിക ബാരിക്കേഡുകൾ സ്‌ഥാപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ തടുർന്നും സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ വ്യക്‌തമാക്കി. സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിലവിൽ സുഗമമാണെന്ന് ജില്ലാ കലക്‌ടറും അറിയിച്ചതോടെയാണ് ടോൾ പിരിവ് പുനരാരംഭിക്കാൻ കോടതി അനുമതി നൽകിയത്.
ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ക്ളേശങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അതുപോലെ തന്നെ അടിപ്പാത നിർമാണം നടക്കുകയും വേണമെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ വർധിപ്പിച്ച ടോൾ നിരക്ക് ഈടാക്കാൻ സാധിക്കില്ല. കേസ് തീർപ്പാക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായ സമയങ്ങളിൽ പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി.
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് ആറിനാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും ടോൾ തടഞ്ഞത് സുപ്രീം കോടതിയും ശരിവയ്‌ക്കുകയായിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി