തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തുവരികയും വിവാദമാവുകയും ചെയ്‌തതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു. പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്‌ടിയാൽ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും അദ്ദേഹം വ്യക്‌തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്‌ഥാനത്തേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴും. 60 മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതാകും. എൽഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോൺഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഒരു ഡിസിസി പ്രസിഡണ്ടിൽ നിന്നുതന്നെ ഇത്തരമൊരു പ്രസ്‌താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തെ പൂർണമായി പ്രതിരോധത്തിലാക്കിയ പ്രസ്‌താവനയ്‌ക്ക് പാലോട് രവിക്കെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന സൂചന നേരത്തെ കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി