കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്‌ഥാപിച്ച ടോൾ പ്ളാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് തുടക്കം. കുറച്ചുസമയം പണം ഈടാക്കാതെ ടോൾ പ്ളാസയുടെ പ്രവർത്തനക്ഷമത പരിശോധിക്കും.
ശേഷം ഈമാസം 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുള്ള വിജ്‌ഞാപനം അടുത്തയാഴ്‌ച പുറത്തിറങ്ങും. ടോൾ പിരിവിന്റെയും പ്ളാസയിലെ മറ്റു സംവിധാനങ്ങളുടെയും കൃത്യത പരിശോധിക്കാനാണ് ട്രയൽ റൺ. ഇതിന് മുന്നോടിയായി ഡിസംബർ അവസാനം വിവിധ വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി പുറത്തുവിട്ടിരുന്നു.
അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽ നാട്ടുകാരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ടോൾ പിരിവ് തുടങ്ങുമ്പോൾ ആക്റ്റീവായ ഫാസ്‌റ്റാഗിനാകും പ്ളാസയിൽ മുൻതൂക്കം ലഭിക്കുക. ഫാസ്‌റ്റാഗ് ഇല്ലെങ്കിൽ യുപിഐ പേയ്‌മെന്റുകൾക്ക് 1.25 ഇരട്ടിയും കാഷ് പേയ്‌മെന്റുകൾക്ക് രണ്ടിരട്ടിയും നിരക്ക് ഈടാക്കും.
ഉദാഹരണമായി കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് ഒരുവശത്തേക്ക് 90 രൂപ ഫാസ്‌റ്റാഗ് നിരക്ക് ഈടാക്കുമ്പോൾ യുപിഐയിൽ അത് 112.5 രൂപയും കാശായി നൽകിയാൽ 180 രൂപയും ആകും. പ്ളാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്‌ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകകൾ നൽകിയാൽ ടാക്‌സി ഒഴികെ സ്വകാര്യ കാർ അടക്കമുള്ള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാക്കും.
ഇതുള്ളവർക്ക് ഒരുമാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ളാസയിലൂടെ കടന്നുപോകാം. എന്നാൽ, പ്ളാസയുടെ നിശ്‌ചിത പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് നാട്ടുകാരിൽ ചിലർ ഉയർത്തുന്നത്. സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ളാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാർഷിക പാസ് രാജമാർഗ് യാത്ര ആപ്പിലൂടെ രജിസ്‌റ്റർ ചെയ്യാനും അവസരമുണ്ടാകും.
2021 ഓഗസ്‌റ്റ് 15നാണ് ദേശീയപാത 66ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം- രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിന് 63 കോടിയിലധികം രൂപ എന്ന സംസ്‌ഥാനത്തെ ദേശീയപാത ബൈപ്പാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!






































