ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പാർലമെന്റിൽ ഇന്ന് ചർച്ച തുടങ്ങും. ഇരു സഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്‌ക്കായി സമയം നീക്കിവെച്ചിരിക്കുന്നത്. ലോക്‌സഭയിൽ ഇന്നാണ് ചർച്ച. രാജ്യസഭയിൽ നാളെയും.
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ചും, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ചും ചർച്ച നടക്കും. പ്രധാന നേതാക്കളെ ചർച്ചയിൽ പങ്കെടുപ്പിച്ചു മേൽക്കൈ നേടാനാണ് ഭരണപക്ഷമായ എൻഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തയ്യാറെടുത്തിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂർ വിദേശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ ഈ വിഷയത്തിൽ ലോക്‌സഭയിൽ സംസാരിക്കാൻ കേന്ദ്ര സർക്കാർ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ശശി തരൂർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
അതേസമയം, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലാകും ആദ്യ ചർച്ചകളെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു അറിയിച്ചു. ഭരണപക്ഷത്തുനിന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുടങ്ങിവയവർ സംസാരിക്കും. പ്രധാനമന്ത്രിയും ഇടപെടുമെന്നാണ് സൂചന.
Most Read| മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടാം, 5 വർഷമെങ്കിലും ജാഗ്രത വേണം; മുന്നറിയിപ്പ്