കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിന് നേരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം.
കൂക്കി വിളിച്ചവർക്കെതിരെ ആഞ്ഞടിച്ച പിസി സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്‌താൽ മതിയെന്നും പറഞ്ഞു. സ്‌ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ അനുവാദമില്ലെന്ന് ആരാണ് പറഞ്ഞത്? നിങ്ങൾ കൂവിക്കൊണ്ടിരിക്കും. മെയ് രണ്ട് കഴിഞ്ഞ് ഞാൻ എംഎൽഎ ആണെന്ന് ഓർത്തോ. നിങ്ങളുടെയൊക്കെ വോട്ടില്ലാതെ തന്നെ ഞാൻ എംഎൽഎ ആയിട്ട് ഇവിടെ വരും- പിസി വെല്ലുവിളിച്ചു.
പിസിയുടെ പ്രതികരണത്തിന് ശേഷവും കൂവൽ അധികരിച്ചു. ഇതോടെ അദ്ദേഹം രോഷാകുലനായി. കൂവിയാൽ ഓടുന്ന ഏഭ്യനല്ല ഞാൻ, ഞാൻ ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം സ്‌ഥാനാർഥി ആയിട്ടാണ് മൽസരിക്കുന്നത്. എൻ്റെ ചിഹ്‌നം തൊപ്പിയാണ്. സൗകര്യം ഉള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്‌തില്ലേലും എനിക്ക് വിരോധമില്ല- പിസി ജോർജ് തുറന്നടിച്ചു.
ഈരാറ്റുപേട്ടയിൽ തന്നെ ജനിച്ചു വളർന്നവനാണ്. ഞാൻ എവിടെ പോകാനാ, ഇവിടെത്തന്നെ കിടക്കും- പിസി കൂട്ടിച്ചേർത്തു. തുടർന്ന് സഭ്യമല്ലാത്ത രീതിയിലുള്ള പദപ്രയോഗങ്ങളും അദ്ദേഹം നടത്തി. ശേഷം ഒരിക്കൽ കൂടി വോട്ട് അഭ്യർഥിച്ചതിന് ശേഷമാണ് പിസി ജോർജ് മടങ്ങിയത്.
Also Read: ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ ചാണ്ടി









































