മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ.
വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന് ശേഷം ക്യാമ്പസ്‌തല ബോധവൽക്കരണം, ഭവന സന്ദർശനങ്ങൾ, തെരുവ് നാടകങ്ങൾ, മാരത്തോൺ, സൈക്കിൾ – ബൈക്ക് റാലികൾ, ലഘുലേഖ വിതരണം, കലാ-കായിക മൽസരങ്ങൾ ഉൾപ്പടെയുള്ള പരിപാടികളിലൂടെ ലഹരിവിരുദ്ധ കാംപയിൻ പൊതുസമൂഹത്തിലേക്ക് എത്തിക്കാനാണ് പിസിഡബ്ള്യുഎഫ് പദ്ധതിയിട്ടിരിക്കുന്നത്.
എക്‌സൈസ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തുന്ന പരിപാടികൾ പൊന്നാനി താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26നാണ് കാംപയിൻ സമാപിക്കുക.
‘ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി നടത്തുന്ന കാംപയിൻ 28ന് 3 മണിക്ക് പൊന്നാനി ഹാർബറിൽ നിന്നാരംഭിക്കും. മോട്ടോർസൈക്കിൾ റാലിയോടെ ആരംഭിക്കുന്ന കാംപയിൻ 4 മണിക്ക് നരിപ്പറമ്പ് സെന്ററിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു ഔപചാരികമായി ഉൽഘാടനം ചെയ്യും.
ചടങ്ങിൽ കേരള മദ്യനിരോധനസമിതി സംസ്‌ഥാന ട്രഷറർ സിദ്ദീഖ് അയിലക്കാട് മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പിപി കോയക്കുട്ടി, അടാട്ട് വാസുദേവൻ, ജി സിദ്ധീഖ്, മാലതി വട്ടംകുളം, പിപി ആരിഫ എന്നിവർ പങ്കെടുത്തു.
Most Read| അബ്‌ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; ഒരുവർഷത്തിനകം മോചനം