മലപ്പുറം: ഈ വർഷത്തെ എസ്‌എസ്എൽസി, പ്ളസ് ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കാനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) സംഘടിപ്പിച്ച ‘വിജയതീരം 25‘ ചാണാറോഡ് ആർവി ഹാളിൽ തിരൂർ സബ് കലക്‌ടർ ദിലീപ് കൈനിക്കര ഐഎഎസ് ഉൽഘാടനം ചെയ്‌തു.
ഔപചാരിക വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടുകയെന്നത് വലിയ കാര്യമാണെങ്കിലും, സാമൂഹ്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്‌തമായ വിദ്യാർഥികളെയും യുവജനങ്ങളെയും വാർത്തെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ഇദ്ദേഹം വേദിയിൽ അഭിപ്രായപ്പെട്ടു.
എസ്‌എസ്എൽസി, പ്ളസ് ടു വിജയികളായ വിദ്യാർഥികളെ അനുമോദിച്ചതിനൊപ്പം 2025ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്‌ഥാനവും സംസ്‌ഥാനത്ത് നാലാം സ്‌ഥാനവും നേടിയ പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിന് പ്രത്യേക പുരസ്‌കാര സമർപ്പണവും വേദിയിൽ നിർവഹിച്ചു.
ഉപരിപഠന മാർഗ നിർദ്ദേശം, കരിയർ ഗൈഡൻസ്, സിവിൽ സർവീസ് ജേതാക്കളുടെ മോട്ടിവേഷൻ ക്ളാസ് തുടങ്ങിയവയും ‘വിജയതീരം 25‘ ന്റെ ഭാഗമായി നടന്നു. ഫാല്‍ക്കണുകളെ കുറിച്ച് ഗവേഷണത്തിന് ഡോക്‌ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് സർവകലാശാലയിലെ സുവോളജി വിഭാഗം അധ്യാപകനുമായ ഡോ. സുബൈർ മേടമ്മൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

പ്രൊഫ. വികെ ബേബി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. ജഅഫറലി ആലിച്ചെത്ത് കരിയർ ഗൈഡൻസിന് നേതൃത്വം നല്‍കി. പൊന്നാനി ഐസിഎസ്ആർ കോ-ഓർഡിനേറ്റർ കെ ഇമ്പിച്ചിക്കോയ, സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് ലക്ഷ്‍മി മേനോൻ എന്നിവർ മോട്ടിവേഷൻ ക്‌ളാസ് നയിച്ചു.
പി കോയക്കുട്ടി മാസ്‌റ്റർ, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്‌റ്റർ, ടി മുനീറ, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എസ് ലത വിജയൻ സ്വാഗതവും, ആർവി ശംസീറ നന്ദിയും പറഞ്ഞു.
Tech| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ