പെരിന്തൽമണ്ണ: കൗമാരക്കാരെ ലഹരി ഇടപാടിന് കടത്തിക്കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്ണു (22), ചെർപ്പുളശ്ശേരി കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്.
കേസിലെ പ്രധാന പ്രതിയായ ഷാനിഫിനെ പിടികൂടാനായില്ല. സെപ്തംബർ 14 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. 16-വയസുകാരനായ പരാതിക്കാരനെയും പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു സുഹൃത്തുക്കളെയും പ്രലോഭിപ്പിച്ച് ഒഡിഷയിൽ കൊണ്ടുപോയി കഞ്ചാവ് കടത്തിന് നിർബന്ധിച്ചെന്നാണ് കേസ്.
കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ കുട്ടികൾക്ക് 25,000 രൂപയും ആവശ്യത്തിന് കഞ്ചാവും പ്രതികൾ വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു. ആലിപ്പറമ്പിലെ ബിടാത്തിയിൽ നിന്ന് ഒഡിഷയിലെ മുനിഗുഡയിലേക്കാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയത്.
കഴിഞ്ഞ മാസം 24നാണ് പരാതിക്കാരനായ കുട്ടി പോലീസിന് മൊഴി നൽകുന്നത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാംപ്രതി ഷാനിഫിനായി കൂടുതൽ തിരച്ചിൽ നടത്തും. ഇയാളുടെ ഇടപാടുകളും സാമ്പത്തിക സ്രോതസുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൗമാരക്കാരെ ലഹരിക്കടത്തിനായി പ്രലോഭിപ്പിച്ച് കൊണ്ടുപോയതിനാൽ മനുഷ്യക്കടത്തിനാണ് പോലീസ് കേസെടുത്തത്.
രണ്ടാംപ്രതി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. മുഹമ്മദ് റാഷിദ്, മൂന്നാംപ്രതി വിഷ്ണു എന്നിവർ മുമ്പും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. സിഐ സുമേഷ് സുധാകരൻ, ജൂനിയർ എസ്ഐ അക്ഷയ്, സിപിഒമാരായ സൽമാൻ, ജയൻ, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി






































