കണ്ണൂർ: തളിപ്പറമ്പിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുമതി. പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടകൾ തുറക്കാനാണ് അനുമതി നൽകിയത്. പോലീസിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് കടകൾ തുറക്കാനുള്ള അനുമതി നൽകിയത്.
ഹോട്ടലുകളിൽ രാത്രി 9.30 വരെ പാഴ്‌സൽ സൗകര്യവും ഹോം ഡെലിവറിയും നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്. കടകളിലേക്ക് വരുന്ന പൊതുജനങ്ങളും വ്യാപാരികളും കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.
അതേസമയം, രോഗവ്യാപനം രൂക്ഷമായ ആന്തൂർ നഗരസഭയിലെ 19, 22 വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി നഗരസഭാ അധികൃതർ അറിയിച്ചു. ഇവിടെ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ ഓഫിസുകൾ, അവശ്യ സേവന വിഭാഗങ്ങൾ എന്നിവ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളത്. വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
സിഐ എവി ദിനേശൻ, എസ്‌ഐ പിസി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സർക്കാർ നിർദ്ദേശ പ്രകാരമാണ് വ്യാപാരികളുടെയും ഹോട്ടൽ ഉടമകളുടെയും യോഗം വിളിച്ചു ചേർത്തത്.
Read Also: മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്




































