പെരുവണ്ണാമൂഴി ഡാം: നീണ്ട കാത്തിരിപ്പിന് ശേഷം പെരുവണ്ണാമൂഴി ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ടൂറിസം വകുപ്പിന്റെ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന അനുവദിച്ച 3.13 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.
നവംബര്‍ മൂന്നിന് പദ്ധതിയുടെ നിര്‍മ്മാണ ഉല്‍ഘാടനം നടക്കും. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍വഹണ ചുമതല.
ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അടുത്തകാലത്ത് ഇവിടെ ഒരു വാച്ച് ടവര്‍ നിര്‍മ്മിച്ചിരുന്നു. 34 ലക്ഷം രൂപയാണ് ആകെ ചിലവായത്. ഡാമും പൂന്തോട്ടവും നിരീക്ഷിക്കാന്‍ സഞ്ചാരികള്‍ക്ക് ഇതോടെ കൂടുതല്‍ സൗകര്യമാവും.
ഇതിനൊപ്പം പുതിയ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. പഴയ കെട്ടിടം പൊളിച്ചുമാറ്റി മുറികളും കോണ്‍ഫറന്‍സ് ഹാളുമടങ്ങിയ അനക്‌സ് കെട്ടിടം 1.43 കോടി രൂപക്കാണ് നിര്‍മ്മിക്കുന്നത്.
പുതിയ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ട വിപുലീകരണം, കഫ്റ്റിരിയ, വാഹനപാര്‍ക്കിംഗ് സൗകര്യം, ടിക്കറ്റ് കൗണ്ടര്‍, ഗേറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവയാണ് ഒരുക്കുന്നത്. പ്രവേശന ഭാഗത്ത് തന്നെ പുതിയ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കും. മന്ത്രി ടിപി രാമകൃഷ്‌ണൻ, മുൻ ജലസേചന മന്ത്രി മാത്യു ടി തോമസ് എന്നിവർ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മുഖ്യ പങ്കുവഹിച്ചു.
Read Also: നടപടികള്‍ പക്ഷപാതപരം; കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹരജി ഇന്ന് പരിഗണിക്കും