കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ്ലിസ്‌റ്റിൽ കേരളത്തിൽ നിന്ന് 950 ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണ് ഹിറ്റ്ലിസ്‌റ്റിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്.
ജില്ലാ ജഡ്‌ജിയും നേതാക്കളും ഹിറ്റ്ലിസ്‌റ്റിലുണ്ട്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളായ പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാ സുദീൻ, അൻസാർ കെപി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. സംഘടനയ്‌ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണ് പിഎഫ്ഐ തയ്യാറാക്കിയിരിക്കുന്നത്.
അവരെ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടികയും ഇപ്പോൾ ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്‌ദുൾ വഹദിൽ നിന്ന് അഞ്ചുപേരുടെയും മറ്റൊരാളിൽ നിന്ന് 232 പേരുടെയും അറസ്‌റ്റിലായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെയും പട്ടികയാണ് പിടിച്ചെടുത്തത്.
ആലുവയിലെ പെരിയാർവാലി ക്യാമ്പസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്നും എൻഐഎ പറയുന്നു. ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു. ജാമ്യഹരജി നൽകിയ നാല് പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്ന് വാദിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്‌തമാക്കിയ കോടതി ഹരജി തള്ളി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!