ഹൈദരാബാദ്: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഇന്നലെ രാവിലെ 9.30നാണ് പൊട്ടിത്തെറി ഉണ്ടായത്.
ഇരുനില ഫാക്‌ടറിക്കുള്ളിലെ റിയാക്‌ടർ പൊട്ടിത്തെറിച്ചാണ് അപകടം. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയുന്ന ഡ്രയറിൽ ഉന്നതമർദ്ദം രൂപപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം ഉണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നു.
”പൊട്ടിത്തെറിയിൽ പ്ളാന്റ് പൂർണമായി തകർന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശക്‌തിയിൽ ഏതാനും തൊഴിലാളികൾ 100 മീറ്റർ അകലേക്ക് വരെ തെറിച്ചുവീണു”- തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ പറഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
ഫാക്‌ടറിയിൽ നിന്ന് നീക്കിയ അവശിഷ്‌ടങ്ങൾ ഇപ്പോഴും കത്തുകയാണ്. കൂടുതൽപേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദുരന്തനിവാരണ സേനാ ഡയറക്‌ടർ ജനറൽ വൈ. നാഗറെഡ്‌ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ഇന്ന് അപകടസ്‌ഥലം സന്ദർശിക്കും. അന്യ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിലേറെയും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!






































