തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 11 മണിക്കാണ് യോഗം. ജയിലിലെ സുരക്ഷാ വീഴ്‌ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുക്കും.
സംസ്‌ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം ഉദ്യോഗസ്‌ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ചർച്ചയാകും. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്‌ഥർ അറിയുന്നത്.
അന്വേഷണത്തിനൊടുവിൽ കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീട് വളഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു. ജയിൽ ചാടിയ കുറ്റത്തിന് കണ്ണൂർ ടൗൺ പോലീസ് ഗോവിന്ദച്ചാമിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.
തെളിവെടുപ്പിന് ശേഷം കണ്ണൂർ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അതേസമയം, സുരക്ഷ കണക്കിലെടുത്ത് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കും. ജയിലിനുള്ളിലും ചാടിയ മതിലിന് സമീപത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
Most Read| ദിവസവും 7000 ചുവടുകൾ നടന്നാൽ മതി, മരണസാധ്യത കുറയും! പുതിയ പഠനം പറയുന്നത്







































