കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അവിടെ നടക്കാൻ പാടില്ലാത്തത് നടന്നു എന്നത് യാഥാർഥ്യമാണ്. സർക്കാർ കർശന നടപടിയെടുത്തു. ഈ സർക്കാർ അല്ലെങ്കിൽ അത്തരം ശക്തമായ നടപടി ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ കരുതുന്നത്.
സർക്കാർ നടപടികൾക്ക് വിശ്വാസികളുടെ പിന്തുണയുണ്ട്. വിഷയം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. രണ്ടുപേരും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നു. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ജനത തള്ളിയ സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇരകൾ തെളിവുകളുമായി വരാത്തത് എന്താണ്? അത് ഗൗരവമായി കാണണം. വെറും ഭീഷണിയല്ല, കൊന്നു തള്ളും എന്നാണ് പറഞ്ഞത്. വസ്തുതകൾ പുറത്തുപറയാൻ ഇരകൾ മടിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമെന്ന് ഭയക്കുകയാണ്. ഇപ്പോൾ വന്നതിന് അപ്പുറത്തുള്ള കാര്യങ്ങൾ പുറത്തുവന്നേക്കാം. ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ ശ്രമിച്ചാൽ സമൂഹം അംഗീകരിക്കില്ല. സർക്കാർ എന്നും ഇരകൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































