തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടതുമുന്നണി യോഗത്തിൽ എതിർപ്പ് അറിയിച്ച സിപിഐയെ തള്ളിയാണ് സർക്കാരിന്റെ തീരുമാനം. എംഎൻ സ്മാരകത്തിൽ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐ എതിർപ്പ് അറിയിച്ചത്.
യോഗത്തിൽ മറ്റൊരു ഘടകകക്ഷിയായ ആർജെഡിയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും. മദ്യനിർമാണശാല തുടങ്ങുന്നതിനെ സിപിഐയും ആർജെഡിയും ഒഴികെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കുകയായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ മദ്യനയം സംബന്ധിച്ച ചർച്ചകളൊന്നും യോഗത്തിൽ ഉണ്ടായില്ല.
രണ്ടര മണിക്കൂറോളമാണ് എൽഡിഎഫ് യോഗം ചേർന്നത്. മദ്യനിർമാണശാല വിഷയത്തിൽ കുടിവെള്ളം ഉൾപ്പടെ ഉറപ്പുവരുത്തണമെന്ന് യോഗം തീരുമാനിച്ചു. വെള്ളത്തിന്റെ പ്രശ്നമാണ് സിപിഐയും ആർജെഡിയും പ്രധാനമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, സംസ്ഥാനത്ത് കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ആശങ്കകൾ പരിഗണിച്ച് ആക്ഷേപങ്ങൾക്ക് വഴിവെയ്ക്കാത്ത തരത്തിൽ പ്ളാന്റുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണി യോഗത്തിൽ ധാരണയാവുകയായിരുന്നു. അതേസമയം, കിഫ്ബി റോഡുകളിലെ ടോൾ സംബന്ധിച്ച് വിശദമായ ചർച്ച ഇന്നത്തെ യോഗത്തിൽ ഉണ്ടായില്ല.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി








































