തിരുവനന്തപുരം: എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യനിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ഇപ്പോഴും ശരിയാണെന്നാണ് താൻ കരുതുന്നതെന്നും ബിനോയ് വിശ്വത്തിന് അദ്ദേഹത്തിന്റേതായ നിലപാട് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും. പക്ഷേ ഞാൻ കയറ്റും. ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവർ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത് ഞാനാണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അത് പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില ആരോപണങ്ങൾക്ക് മറുപടി പറയാൻ പറ്റാതെ വരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗോവർധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്.
എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടുപേരും അവിടെ എത്തിയത്? പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. ഇവർക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം കിട്ടാൻ പങ്കുവഹിച്ചത് ആരാണെന്ന് മറുപടി പറയാൻ കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തിൽ കണ്ടെത്തിയ സ്വർണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ കടകംപള്ളി സുരേന്ദ്രനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായി. സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാൻ മുതിരരുതെന്ന് മുഖ്യമന്ത്രി താക്കീത് നൽകി.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































