തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സംസ്‌ഥാന മന്ത്രിമാർ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്‌ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ളോട്ടുകളായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ ക്ളസ്‌റ്ററുകളായാണ് വീടുകൾ നിർമിക്കുന്നത്. എൽസ്‌റ്റണിൽ തയ്യാറാക്കുന്ന ടൗൺഷിപ്പിൽ വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഉൾപ്പെടുന്നു.
അതിനിടെ, പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ കനത്ത തുക നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എൽസ്‌റ്റൺ എസ്‌റ്റേറ്റ് സമർപ്പിച്ച ഹരജി ഹൈക്കോടതിയെ ഇന്ന് പരിഗണിക്കും. 549 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്‌ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. സർക്കാർ തീരുമാനിച്ച 26 കോടി രൂപ മതിയാവില്ലെന്നും എൽസ്‌റ്റൺ എസ്‌റ്റേറ്റ് വ്യക്‌തമാക്കുന്നു.
പുനരധിവാസ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാൽ, നഷ്‌ടപരിഹാരം അപര്യാപ്‌തമെങ്കിൽ ഇക്കാര്യം പ്രത്യേകമായി ഉന്നയിക്കാമെന്നുമാണ് ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കിയത്. ഇതിന് പിന്നാലെയാണ് എൽസ്‌റ്റൺ എസ്‌റ്റേറ്റ് ഉയർന്ന തുക നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ