ന്യൂഡെൽഹി: മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ അഴിമതി ജനങ്ങളെ തിന്നുതീർക്കുകയായിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു. ബിജെപിയുടെ സത്യസന്ധമായ ഭരണം എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഈ ബജറ്റ് മധ്യവർഗ സൗഹൃദ ബജറ്റാണെന്നാണ് മുഴുവൻ മധ്യവർഗവും പറയുന്നത്. എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. നെഹ്‌റുവിന്റെ കാലത്ത് 12 ലക്ഷം രൂപ സമ്പാദിച്ചിരുന്നെങ്കിൽ ശമ്പളത്തിന്റെ നാലിലൊന്നും നികുതിയായി നൽകേണ്ടി വന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് 12 ലക്ഷം രൂപ വരുമാനത്തിന് പത്തുലക്ഷം രൂപ നികുതി നൽകേണ്ടി വന്നു. എന്നാൽ, ബിജെപി സർക്കാരിന് കീഴിൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല’- മോദി പറഞ്ഞു.
ഡെൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ആൽമവിശ്വാസം പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡെൽഹിയിൽ വികസനത്തിന്റെ പുതിയ വസന്തം എത്തും. ഇത്തവണ ഡെൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. എഎപി അവർക്ക് ലഭിച്ച സമയം പാഴാക്കി. ഭരിക്കാനുള്ള അവസരം ഞങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നും മോദി പറഞ്ഞു.
Most Read| അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ്; കിരീടം നിലനിർത്തി ഇന്ത്യ