ഇംഫാൽ: തന്റെ സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ചുരാചന്ദ്‌പൂർ ജില്ലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2023 മേയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ആദ്യമായി എത്തിയതായിരുന്നു പ്രധാനമന്ത്രി. മണിപ്പൂർ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടുത്തെ കുന്നുകൾ രാജ്യത്തിന് ലഭിച്ച അതുല്യമായ സമ്മാനമാണ്. കനത്ത മഴയിലും പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയ നിങ്ങളോടെനിക്ക് നന്ദിയുണ്ട്.
മണിപ്പൂർ ധീരൻമാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. ഈ മനോഹരമായ സ്‌ഥലത്തെ അക്രമം വിഴുങ്ങി. എന്നാൽ, പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
മിസോറാമിൽ നിന്ന് ഹെലികോപ്‌ടറിലാണ് ചുരാചന്ദ്‌പുരിലെ ബിഎസ്എഫ് ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങിയത്. ആദ്യം ചുരാചന്ദ്‌പുർ പീസ് ഗ്രൗണ്ടിലെത്തി പൊതുയോഗത്തിന് ശേഷം ഇംഫാലിലെ കാംഗ്‌ള കോട്ടയിലെ പൊതുയോഗത്തിലും മോദി സംസാരിക്കും. രണ്ടിടത്തും പ്രധാനമന്ത്രി കലാപത്തിൽ അകപ്പെട്ട ഇരകളെ കാണും. വൈകീട്ടോടെ അസമിലേക്ക് പോകും.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം